ശനിയാഴ്‌ച, ജനുവരി 07, 2012

മുല്ലപ്പെരിയോർ.

ശ്രീകൃഷ്ണദാസ്‌ മാത്തൂർ.


സമരം സായന്തനത്തോടടുക്കുന്നു,
നിരാഹാരവും നിരാസവും കഴിഞ്ഞ്‌
ശൗര്യം പൊടിതട്ടി പോയവഴിക്ക്‌
ഒരുപുല്ലുപോലുമില്ല.

ജലഗർഭം പെറാനെന്നപോലെ വന്ന്
മടയിൽ ചാരിനിൽക്കുന്നു,
താഴ്ചയിലെ ലക്ഷങ്ങളെ കണ്ടു നൊന്ത്‌
വിങ്ങ ലമർത്തിപ്പിടിച്ചുലാത്തുന്നു.


പഠനസനസംഘം പണ്ടത്തെ
സ്കൂൾകുട്ടിയെപ്പോലെ വന്ന്
പഠിക്കാതെ പഠിച്ചെന്നു കള്ളമ്പറയുന്നു.

വെറുമൊരു വീണവായന ഭരണം,
നഗരം കത്തിയാൽ
പോനാൽ പോകട്ടും പോട്ടെടാ...

അരാഷ്ട്രീയന്റെ സ്വപ്നങ്ങളിൽ വന്ന്
സമരപ്പന്തൽ കെട്ടിയുമഴിച്ചും
ഉടക്കിനിൽക്കുന്നു മുല്ലപ്പെരിയോർ..

***************

മു..മുട്ടയോ..





നീയിട്ട മുട്ട തിന്നുമ്പോൾ, കോഴീ,
ആദിമധ്യാന്ത ഭ്രൂണമൊന്നെന്റെ
ആഴത്തിലേറി പിനട്ടിപ്പെറുന്നു:
മു..മു..മുട്ടയോ,
കോഴിയോ...

പിടക്കോഴിക്കു ചുറ്റും തിരിയുന്ന
ഹെയർപ്പിൻ വളവിലൂടെ
ജീവിതമോടിക്കുമരിത്തിപ്പൂവനും
നിവർന്നു കൂവുന്നു:
തെറ്റോ,
ശരിയോ..

പ്രപഞ്ചങ്ങൾ തമ്മിൽ കയർക്കും
ഇലപ്പടർപ്പിലെ ബഹളത്തിലും
തഴമ്പിച്ചു നിൽക്കുന്നു:
ഞാനോ,
നീയോ...

നീ കൊത്തിക്കൊറിച്ച കിനാക്കൾ
നിർത്തിപ്പൊരിച്ചതു
നുണയവേ, കോഴീ,
ഞാനും തികട്ടുന്നു:
ജനനമോ,
മരണമോ...

നീയിട്ട മുട്ട തിന്നുമ്പോൾ, കോഴീ
ആദ്യന്തമില്ലാതൊരേമ്പൊക്കം
അന്തരാളത്തിൽ സഞ്ചരിക്കുന്നു

(നാട്ടുപച്ച.കോം)

തിരിച്ചറിവ്‌

രാത്രിയിങ്ങനെ മിഴിചിമ്മി
കാടുകളിൽ കലഹിച്ചു നിൽപ്പത്‌
എനിക്കുള്ള വീണ്ടുവിചാരത്തിനു`.

എളിയിൽ നിന്നൊരു പൂവു`
തിരിഞ്ഞ്‌ ഭൂമിയിലേക്ക്‌ കിടന്നത്‌
മരമറിയില്ലയെങ്കിലും..(?)
നിശ്ശബ്ദം പെയ്യും നിലാവിന്റെ
നീലക്കാലവർഷം മുഴുവനെ നനയും
ഇലകൾ നനവറിയുന്നില്ലെങ്കിലും..(?)

ഒരു ജാലകവും ഞാനും
ഉറങ്ങാതെ ഈ രാത്രിയിൽ
സ്വയമറിയുന്നുണ്ട്‌ ചലനം,
നിശ്ചലതയുടെ വ്യതിചലനം....

ഉറങ്ങാതിരിക്കും രാത്രിയെനിക്ക്‌
വീണ്ടുവിചാരത്തിനു`.
ഉറക്കവുമുണർച്ചയും തമ്മിലുള്ള
വേർ തിരിവിന്റെ സ്തരത്തിനോട്‌
സല്ലപിക്കാനുള്ള മനപ്പൊക്കത്തിനു`

വ്യാഴാഴ്‌ച, ജനുവരി 05, 2012

ഭൂമുഖം



എന്റെ രണ്ടാമത്തെ കവിതാപുസ്തകം : ഭൂമുഖം പ്രസിദ്ധീകൃതമായി. പല പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ച 40 കവിതകളുടെ സമാഹാരം.

പ്രോഫ: ടോണി മാത്വ്യു അവതാരിക എഴുതി ഉണ്മ പബ്ലികേഷൻസ്‌ പ്രസിദ്ധീകരിക്കുന്നു.